കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആയി എൻറോൾ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് അഡ്വക്കേറ്റ് പദ്മലക്ഷ്മി
എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചിരിക്കുന്ന പത്മ, ഫിസിക്സ് ബിരുദധാരി കൂടെ ആണ്. ട്യൂഷൻ എടുത്തും, ഇൻഷുറൻസ് ഏജൻറ് ആയി ജോലി ചെയ്തും, സ്വന്തം ചിലവുകൾക്കുള്ള മാർഗം കണ്ടെത്തിയിരുന്ന പത്മ, ജീവിതത്തിലെ പ്രതിസന്ധികളെ ചിരിച്ചു കൊണ്ടു നേരിടുവാൻ നമ്മുക്കേവർക്കും പ്രചോദനം പകരുകയാണ്.
അവർ LJRF Voice എഡിറ്റർ മൈഥിലി എസ് സാന്തുമായി ഒരു സംഭാഷണത്തിലാണ്.
ചോദ്യം : കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് പത്മലക്ഷ്മിക്ക് അഭിനന്ദനമറിയിച്ച് കുറിച്ച ഫേയ്സ്ബുക്ക് പോസ്റ്റിലെ വാക്കുകളിൽ നിന്നുതന്നെ തുടങ്ങട്ടെ, “ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിൽ എപ്പോഴും കഠിനമായ നേട്ടമാണ്.” അങ്ങനെ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ എന്ത് തോന്നുന്നു?
ഉത്തരം : വളരെ സന്തോഷമുള്ള സമയമാണിത്. ഒരുപാട് നാളത്തെ പരിശ്രമങ്ങൾക്കു ശേഷം ഇന്ന് അഡ്വക്കേറ്റ് പത്മ ലക്ഷ്മിയായി എൻറോൾ ചെയ്തിരിക്കുകയാണ്. ഭാവിയെ ഓർത്ത് വളരെ പ്രതീക്ഷകളാണ് എനിക്കുള്ളത്. മന്ത്രി ശ്രീ രാജീവ് ആണെങ്കിലും ശ്രീമതി ബിന്ദു ആണെങ്കിലും ഈ അവസരത്തിൽ അങ്ങനെ എഴുതാൻ കാണിച്ച വലിയ മനസ്സിന് നന്ദി. ഇനി ഇത് സമൂഹം എങ്ങനെ ഏറ്റെടുക്കും എന്ന് ഞാൻ ഉറ്റു നോക്കുന്നു. ആദ്യത്തെ ആളായി മാറുക എന്നുള്ളത് എനിക്ക് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ് അതിനപ്പുറം അതൊരു വലിയ ഉത്തരവാദിത്വവും കൂടിയാണെന്ന് ഞാൻ തിരിച്ചറിയുന്നു.
ചോദ്യം : കോളേജ് ക്യാമ്പസിലൂടെ പഠിച്ചും ചിരിച്ചും നടക്കുന്ന ഒരു സീനിയറിനെ കണ്ടിരുന്നു. എന്നാൽ ആ ചിരിക്കപ്പുറം ജീവിതത്തിൽ ഒത്തിരി പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവന്ന ഒരു വ്യക്തി എന്ന നിലയിൽ അവയെ ചിരിച്ചുകൊണ്ട് നേരിടുന്നതിന്റെ രഹസ്യം എന്താണ്?
ഉത്തരം : ഒരു ട്രാൻസ്ജെൻഡർ ആയിരിക്കുക എന്നുള്ളത് ഒരു അസാധാരണ കാര്യമായിട്ടല്ല ഞാൻ കരുതുന്നത്. ഇതിനെ ബയോളജിക്കലി അപ്പ്രോച്ച് ചെയ്യുമ്പോൾ സ്ത്രീയും പുരുഷനും പോലെ തന്നെ മറ്റൊരു വിഭാഗമാണ് ട്രാൻസ്ജെൻഡേഴ്സും അതുപോലെതന്നെ മറ്റ് LGBTQIA+ സമൂഹവും. സ്ത്രീക്കും പുരുഷനും അവരവരുടേതായ പ്രശ്നങ്ങൾ ഈ സമൂഹത്തിൽ ഉണ്ട്. ഇപ്പോഴും തുല്യവേതനത്തിനും തുല്യ നീതിക്കും വേണ്ടി സ്ത്രീകൾ പോരാട്ടം നടത്തുന്നതും നമ്മുടെ നിയമ സംവിധാനങ്ങൾ ഉൾപ്പെടെ ധാരാളം നിയമങ്ങൾ സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവരുന്നതും സ്ത്രീകളെ മുന്നോട്ടു കൊണ്ടു വരുവാൻ ആണല്ലോ. പ്രതിസന്ധികൾ ധാരാളം ഉണ്ടായിട്ടുണ്ട് അത് സ്കൂൾ പഠനകാലത്തായിക്കൊള്ളട്ടെ കലാലയ ജീവിതകാലയളവിൽ ആയിക്കൊള്ളട്ടെ, എന്നാൽ ആ പ്രതിസന്ധികളിൽ തളർന്നു വീണാൽ നമുക്ക് അതുതന്നെ ആവർത്തിക്കുവാനെ സമയമുണ്ടാവുകയുള്ളൂ. നമ്മുടെ ഭാഗത്ത് തെറ്റില്ല എന്ന് ഉറപ്പുളളിടത്തോളം കാലം നമ്മൾ എന്തിന് ഭയക്കണം. നമ്മൾ അനുഭവിച്ച ട്രോമകളുടെ തനിയാവർത്തനം ഉണ്ടാകുന്നു എങ്കിൽ, അത്തരം സ്ഥലങ്ങളിൽ നിന്ന് നമ്മൾ ഓടിപ്പോകുന്നു എന്നുണ്ടെങ്കിൽ ആ ഓട്ടം നമ്മുടെ പിന്നീടുള്ള യാത്രയ്ക്ക് ഊർജ്ജം പകരാൻ ഉള്ളതായിരിക്കണം. നമ്മൾക്കൊരു ജീവിതമേ ഉള്ളൂ ആ ജീവിതത്തിൽ പറ്റാവുന്ന അത്ര സമയം ചിരിക്കാൻ നോക്കുക സന്തോഷിക്കാൻ നോക്കുക നമ്മുടെ ജീവിതത്തിലെ മറ്റു പല ലക്ഷ്യങ്ങളും ആയി ആക്ടീവായി മുന്നോട്ടു പോകുക .
ചോദ്യം : താങ്കളുടെ ശക്തിയുടെ ഒരു വലിയ പങ്കും കുടുംബത്തിന്റെ പിന്തുണയാണെന്ന് മനസ്സിലാക്കുന്നു. കുടുംബത്തെക്കുറിച്ച് പറയാമോ?
ഉത്തരം : ഏതു പ്രതിസന്ധിഘട്ടങ്ങളിലും എന്റെ കൂടെ എന്റെ കുടുംബമുണ്ട്. അങ്ങനെ പറയാൻ കഴിയുന്നത് തന്നെയാണ് എൻറെ ഏറ്റവും വലിയ ധൈര്യം. ഏതൊരു സമയത്തും സമൂഹം എന്തുപറയുന്നു എന്നത് എനിക്ക് വിഷയമല്ല, എൻറെ കുടുംബം ഒപ്പമുണ്ടെങ്കിൽ അതിനപ്പുറം എന്നെ മറ്റൊന്നും ബാധിക്കുന്നില്ല. അവർ എന്നോട് പറയുന്ന ഒരു കാര്യമുണ്ട്, “എന്ത് പ്രശ്നമുണ്ടെങ്കിലും അത് ഞങ്ങളോട് തുറന്നു പറയാം എന്ന് “, അങ്ങിനെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉള്ള ഇടങ്ങളിൽ ആണ് പ്രശ്നങ്ങളില്ലാതെ ആവുന്നത്. അച്ഛനും അമ്മയും എൻ്റെ കൂടെ ഇല്ലായിരുന്നുവെങ്കിൽ അഡ്വക്കേറ്റ് പത്മ ലക്ഷ്മിയും ഇന്നില്ല.
ചോദ്യം : ഒരിക്കലും യാദൃശ്ചികമായി എത്തിപ്പെട്ട ഒരു മേഖലയല്ല എൽ. എൽ. ബി. എന്ന് താങ്കൾ പറയുകയുണ്ടായി. എന്താണ് അഭിഭാഷകവൃത്തിയിലേയ്ക്ക് ആകർഷിച്ചത്?
ഉത്തരം : എൽ.എൽ.ബി എന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമാണ്. 12th കഴിഞ്ഞപ്പോൾ പഞ്ചവത്സര എൽ.എൽ.ബി പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നാൽ എൻ്റെ കഴിവിനു മേലുള്ള അനാവശ്യമായ സംശയം എന്നെ ആ ആഗ്രഹത്തിൽ നിന്ന് പിൻവലിച്ചു കൊണ്ടേയിരുന്നു അങ്ങനെ ഡിഗ്രി ഫിസിക്സ് പഠിക്കാൻ തീരുമാനിച്ചു. അപ്പോഴും എൽഎൽബി മോഹം ഉള്ളിൽ കെടാതെ ഉണ്ടായിരുന്നു. പിന്നീട് ട്രീറ്റ്മെൻറ്റിനായിരുന്നു ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത്. അതിനായി ഒത്തിരി ചെലവുകൾ ഉണ്ട്, അതുകൊണ്ടുതന്നെ എത്രയും വേഗം ഒരു ജോലി നേടുക എന്നുള്ളതായിരുന്നു പിന്നീട് ഉള്ള ലക്ഷ്യം അങ്ങനെ ഡിഗ്രിക്ക് ശേഷം P.S.C ക്ക് വേണ്ടി കുറച്ചുനാൾ ശ്രമിച്ചു. അങ്ങനെ ഇരിക്കെയാണ് ഉള്ളിൽ ഒതുക്കി വച്ചിരുന്ന എൻ്റെ സ്വപ്നത്തിന് പുറകെ തന്നെ പോകുവാൻ ഞാൻ തീരുമാനിക്കുന്നത്. അനീതി അനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും വിവേചനം ഇല്ലാതെ നീതി ഉറപ്പു വരുത്തുവാൻ അഭിഭാഷക വൃത്തിയെക്കാൾ മികച്ച ഒരു പ്രൊഫഷൻ വേറെ ഏതുണ്ട്.
ചോദ്യം : താങ്കളുടെ എൽ. എൽ. ബി. പഠനമൊക്കെ എറണാകുളം നിയമകലാലയത്തിൽ ആയിരുന്നുവല്ലോ. കലാലയ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാമോ?
ഉത്തരം :എനിക്ക് വളരെയധികം പിന്തുണ ലഭിച്ച ഒരു ക്യാമ്പസ് ആയിരുന്നു ലോ കോളേജിന്റെത്. സ്വയം സംശയിച്ചു നിന്ന ഒത്തിരി അവസരങ്ങളിൽ മറിയാമ്മ മാഡം, ഡയാന മാഡം തുടങ്ങിയ ടീച്ചർമാർ എനിക്ക് വലിയ പിന്തുണ നൽകിയവരാണ്. അങ്ങനെ ചുരുക്കം ചില ടീച്ചർമാരോട് മാത്രമേ എനിക്ക് എല്ലാം തുറന്നു സംസാരിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇന്നും എന്റെ ഏതു പ്രതിസന്ധികളിലും മറിയാമ്മ മാഡത്തിനെ പോലെ ഉള്ള ചില വ്യക്തികൾ എന്റെ കൂടെ തന്നെ ഉണ്ട് എന്നുള്ളത് എനിക്ക് വലിയ ഊർജം ആണ്. എൻറെ ഒരു കോവിഡ് ബാച്ച് ആയിരുന്നു അതുകൊണ്ടുതന്നെ കലാലയ അനുഭവങ്ങൾ കുറെ നഷ്ടം ആയിട്ടുണ്ട് എന്നിരുന്നാലും ഇന്ന് എന്നെ അഡ്വക്കേറ്റ് പത്മ ലക്ഷ്മി ആക്കി മാറ്റിയതിൽ ഒരു വലിയ പങ്ക് ലോ കോളേജ് വഹിച്ചിട്ടുണ്ട്
ചോദ്യം : സ്വവർഗ്ഗ വിവാഹത്തിന് സാധുത നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിൽ എത്തി നിൽക്കുന്ന ഈ വേളയിൽ, ട്രാൻസ് വ്യക്തികളേയും മറ്റു ക്വീർ വ്യക്തികളേയും അംഗീകരിക്കാനും സ്വീകരിക്കാനും എത്രത്തോളം പക്വം ആയി നമ്മുടെ സമൂഹം എന്ന് താങ്കൾ കരുത്തുന്നു?
ഉത്തരം : ഏപ്രിൽ 18ന് വാദം തുടങ്ങാൻ ഇരിക്കുന്ന ഈ വിഷയത്തെ ഞാൻ വളരെയധികം ശുഭാപ്തിയോട് കൂടിയാണ് ഉറ്റു നോക്കുന്നത്. നമ്മുടെ വിവാഹ നിയമങ്ങൾ കാലാകാലങ്ങളായി ഒരു സമൂഹത്തോട് മാത്രം കാണിക്കുന്ന അനീതിക്ക് ഇതോടുകൂടി തിരശ്ശീല വീഴുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഈ വിഷയത്തിന്റെ നിയമ സാധുതയെ കോടതി പരിശോധിക്കാൻ ഇട വരുന്നത് തന്നെ വലിയ ഒരു മാറ്റത്തെ ആണ് സൂചിപ്പിക്കന്നത്. ഒരു രാത്രി കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല മാറ്റം പതിയെ ആണെങ്കിലും നമ്മുടെ സമൂഹം മൂന്നോട്ട് തന്നെ നീങ്ങും. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ മാത്രം വിവാഹമായി അംഗീകരിക്കുന്ന നമ്മുടെ നിയമം തികച്ചും ഭരണഘടനാ വിരുദ്ധമാണ്. സുപ്രീംകോടതി ഇതിന്മേൽ വിധി കേട്ട് ഉചിതമായ തീരുമാനം എടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
ചോദ്യം : താങ്കളുടെ ഓരോ വാക്കുകളും ട്രാൻസ് കമ്മ്യൂണിറ്റിയിൽനിന്ന് മുഖ്യധാരയിലേയ്ക്ക് വരാൻ മടിച്ചു നിൽക്കുന്ന, ഭയന്നു നിൽക്കുന്ന ഒട്ടനവധി വ്യക്തികൾക്ക് ഊർജ്ജം പകരുന്നതാണ്. ട്രാൻസ് കമ്മ്യൂണിറ്റിക്കായി താങ്കൾക്ക് എന്ത് സന്ദേശമാണ് നൽകാൻ ഉള്ളത്?
ഉത്തരം : വിദ്യാഭ്യാസം എപ്പോഴും ഒരു നല്ല ആയുധമാണ് പഠിക്കാനുള്ള ഒരു അവസരവും പാഴാക്കാതെ ഇരിക്കുക അല്ലെങ്കിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുക മുന്നോട്ടുള്ള ഓരോ കാൽ വെപ്പിലും നമുക്ക് തടസ്സങ്ങൾ ഉണ്ടാകാം എന്നാൽ ആ അവസ്ഥകളെ മറികടക്കാനുള്ള ശക്തി ആർജ്ജിക്കുക കാരണം ഈ സമൂഹം ഒരു രാത്രി കൊണ്ടോ ഒരു പത്മ കൊണ്ടോ മാറുന്നതല്ല നമ്മുടെ അവകാശങ്ങളെ തിരിച്ചറിയുക അവ ചോദിച്ചു വാങ്ങുക. മാറ്റത്തിനായി ഇനിയും ആയിരം പത്മലക്ഷ്മികൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ചോദ്യം : കോഴ്സ് പൂർത്തിയാക്കി അഭിഭാഷകയായി എൻറോൾ ചെയ്ത് നിൽക്കുകയാണല്ലൊ, അഭിഭാഷക സമൂഹത്തിൽ നിന്നുള്ള പിന്തുണ എങ്ങനെയാണ്, ഈ പ്രൊഫഷനിലെ ഭാവി താൽപര്യങ്ങൾ എന്തൊക്കയാണ് ?
ഉത്തരം : അഭിഭാഷക സമൂഹം എനിക്ക് വളരെയധികം പിന്തുണ നൽകുന്നുണ്ട്. നാസർ സാർ, അനിൽകുമാർ സാർ, മായ ചേച്ചി അങ്ങനെ അനവധി വ്യക്തികൾ. സുപ്രീംകോടതി അഭിഭാഷിക Adv.യോഗാമയ, മഹാരാഷ്ട്ര Adv. ശ്രീരംഗ് ലാല, അങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും എനിക്ക് ഒത്തിരി പിന്തുണ ലഭിക്കുന്നതിൽ വളരെ സന്തോഷം. സമൂഹത്തിൽ അനീതി അനുഭവിക്കുന്ന എല്ലാത്തരം വ്യക്തികൾക്കും, എന്നാൽ ആവുന്ന നീതി നേടിക്കൊടുക്കുക എന്ന ആഗ്രഹത്തോടെ കൂടിയാണ് ഇനി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നത്. അതിനാൽ പ്രാക്ടീസ് തന്നെ തുടരാനാണ് നിലവിൽ താൽപര്യം.